പ്രധാന സംഭവങ്ങൾ - 2023 ഡിസംബർ (Current Affairs - 2023 December)
- കലാലോകത്ത് സ്വാധീനമേറെയുള്ള 100 വ്യക്തികളുടെ ‘ആർട്ട് റിവ്യൂ’ ‘പവർ 100’ പട്ടികയിൽ ബോസ് കൃഷ്ണമാചാരി ഇടം നേടി.
- കണ്ണൂർ സർവകലാശാലാ വൈസ് ചാൻസലറായി ഡോ. എസ്.ബിജോയ് നന്ദനെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിയമിച്ചു.
- ആർ.പ്രഗ്നാനന്ദയുടെ സഹോദരി ആർ.വൈശാലി ചെസിൽ ഗ്രാൻഡ്മാസ്റ്റർ പദവി നേടുന്ന മൂന്നാമത്തെ ഇന്ത്യക്കാരിയായി. ഗ്രാൻഡ്മാസ്റ്റർ പദവി സ്വന്തമാക്കുന്ന ലോകത്തെ ആദ്യ സഹോദരിയും സഹോദരനുമെന്ന നേട്ടവും ഇവർക്ക് സ്വന്തമായി.
- അണ്ടർ 17 പുരുഷ ഫുട്ബോൾ ലോകകപ്പിൽ ജർമനിക്ക് കന്നിക്കിരീടം. ഫ്രാൻസിനെ പരാജയപ്പെടുത്തി.
- രാജ്യാന്തര സമുദ്രഗതാഗത സംഘടനയുടെ (ഐഎംഒ) ഭരണസമിതിയിലേക്ക് ഇന്ത്യ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.
- രാജസ്ഥാൻ നിയമസഭാ തിരഞ്ഞെടുപ്പിൽ 200 അംഗ സഭയിൽ ബിജെപി 115, കോൺഗ്രസ് 69 സീറ്റുകൾ നേടി. മധ്യപ്രദേശിലെ 230 അംഗ സഭയിൽ ബിജെപി 163, കോൺഗ്രസ് 66 സീറ്റുകളും ഛത്തീസ്ഗഡിലെ 90 അംഗ സഭയിൽ ബിജെപി 54, കോൺഗ്രസ് 35 സീറ്റുകളും നേടി.
- തെലങ്കാനയിൽ 119 അംഗ സഭയിൽ കോൺഗ്രസ് 64, ബിആർഎസ് 39, ബിജെപി 8, എഐഎംഐഎം 7.
- സംസ്ഥാന മാസ്റ്റേഴ്സ് അത്‌ലറ്റിക് ചാംപ്യൻഷിപ്പിൽ കാസർകോട്, കണ്ണൂർ, തൃശൂർ ജില്ലകൾ ആദ്യ സ്ഥാനങ്ങളിൽ.
- ഐഎൻഎസ് ട്രിങ്കറ്റ് കമാൻഡറായി പ്രേരണ ദേവ്സ്ഥലി നിയമിതയായി. ആദ്യമായാണ് യുദ്ധക്കപ്പലിന്റെ കമാൻഡിങ് ഓഫിസറായി വനിതയെ നാവികസേന നിയമിക്കുന്നത്.
- എൻ.സി. ശേഖർ പുരസ്കാരം (50000 രൂപയും പ്രശസ്തി പത്രവും) ഇന്ദ്രൻസിന് സമ്മാനിച്ചു.
- ബിസിനസ് റിപ്പോർട്ടിങ്ങിനുള്ള മുംബൈ പ്രസ് ക്ലബിന്റെ റെഡ് ഇങ്ക് പുരസ്കാരത്തിന് (ഒരു ലക്ഷം രൂപ) ഇക്കണോമിക് ടൈംസിലെ മനു പി.ടോംസും നിർമൽ ജോണും അർഹരായി.
- ചന്ദ്രയാൻ 3 ദൗത്യത്തിന്റെ ഭാഗമായ പ്രൊപ്പൽഷൻ മൊഡ്യൂൾ ചന്ദ്രന്റെ ഭ്രമണപഥത്തിൽനിന്നു ഭൂമിയുടെ ഭ്രമണപഥത്തിലേക്ക് ഇസ്റോ തിരിച്ചെത്തിച്ചു. ഭാവിയിൽ ചന്ദ്രനിൽ നിന്നുള്ള പേടകങ്ങൾ ഭൂമിയിൽ തിരിച്ചെത്തിക്കാനുള്ള പരീക്ഷണദൗത്യമാണിത്.
- അമേരിക്കൻ ഗായിക ടെയ്‌ലർ സ്വിഫ്റ്റിനെ ടൈം മാഗസിൻ 2023ലെ വ്യക്തിയായി തിരഞ്ഞെടുത്തു. ലയണൽ മെസ്സി ‘അത്‌ലീറ്റ് ഓഫ് ദി ഇയർ’.
- യുഎഇയുടെ ആദ്യ എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡ് (ഏകദേശം 22.69 ലക്ഷം രൂപ) ശുചീകരണ തൊഴിലാളിയായ ലക്കിടി സ്വദേശി പ്രമീള കൃഷ്ണന് ലഭിച്ചു.
- തെലങ്കാന മുഖ്യമന്ത്രിയായി എ.രേവന്ത് റെഡ്ഡി (കോൺഗ്രസ്) സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
- ബിബിസി ചെയർമാനായി സമീർ ഷാ നിയമിതനായി.
- മിസോറം മുഖ്യമന്ത്രിയായി സൊറാം പീപ്പിൾസ് മൂവ്മെന്റ് നേതാവ് ലാൽഡുഹോമ ചുമതലയേറ്റു.
- കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ കെനിയൻ സംവിധായിക വനുരി കഹിയുവിന് ‘സ്പിരിറ്റ് ഓഫ് സിനിമ’ പുരസ്‌കാരം സമ്മാനിച്ചു.
- സാമൂഹിക സേവനരംഗത്തെ മികവിനുള്ള ജംനാലാൽ ബജാജ് പുരസ്കാരത്തിന് (20 ലക്ഷം രൂപ) തമിഴ്നാട്ടിലെ മലയാളി ഡോക്ടർ ദമ്പതികളായ റെജി ജോർജ്, ലളിത റെജി, ബിഹാറിലെ സാമൂഹിക പ്രവർത്തക സുധ വർഗീസ്, ഡോ. രാമലക്ഷ്മി ദത്ത (ബംഗാൾ), രാഹാ നാബാ കുമാർ (ബംഗ്ലദേശ്) എന്നിവർ അർഹരായി.
- പാർലമെന്റിൽ ചോദ്യം ചോദിക്കാൻ പാരിതോഷികങ്ങളും പണവും കൈപ്പറ്റിയെന്ന പരാതിയിൽ കുറ്റക്കാരിയെന്ന് എത്തിക്സ് കമ്മിറ്റി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ തൃണമൂൽ കോൺഗ്രസ് അംഗം മഹുവ മൊയ്ത്രയെ ലോക്സഭയിൽനിന്നു പുറത്താക്കി.
- കേരള ചരിത്രഗവേഷണ കൗൺസിൽ ഡയറക്ടറായി പ്രഫ.ദിനേശൻ വടക്കിനിയിലിനെ നിയമിച്ചു.
- സ്പെയിനിൽ നടന്ന എലോബ്രിഗേറ്റ് രാജ്യാന്തര ഓപ്പൺ ചെസ് ചാംപ്യൻഷിപ്പിൽ മലയാളി ഗ്രാൻഡ്മാസ്റ്റർ എസ്.എൽ.നാരായണന് കിരീടം
- സുപ്രീം കോടതി ജഡ്ജിമാരായി ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ, ജസ്റ്റിസ് അഗസ്റ്റിൻ ജോർജ് മസീഹ്, ജസ്റ്റിസ് സന്ദീപ് മേത്ത എന്നിവർ ചുമതലയേറ്റു.
- ഗുവാഹത്തി ഹൈക്കോടതിയിൽ അഡീഷനൽ ജഡ്ജിയായി എൻ.ഉണ്ണിക്കൃഷ്ണൻ നായരെ നിയമിച്ചു.
- കൊൽക്കത്ത സത്യജിത് റേ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചെയർമാൻ പദവി സുരേഷ് ഗോപി ഏറ്റെടുത്തു.
- അർജന്റീനയുടെ പ്രസിഡന്റായി ഹവിയർ മിലൈ ചുമതലയേറ്റു.
- അറബിക് ലാംഗ്വേജ് ഇംപ്രൂവ്മെന്റ് ഫോറത്തിന്റെ (അലിഫ്) ഡോ.മുഹമ്മദ് അബ്ദു യമാനി പുരസ്കാരം (ഒരു ലക്ഷം രൂപ) സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി പൊന്മള അബ്ദുൽ ഖാദിർ മുസല്യാർക്ക് സമ്മാനിച്ചു.
- ജമ്മു കശ്മീരിനു ഭരണഘടനയുടെ 370–ാം വകുപ്പു പ്രകാരമുണ്ടായിരുന്ന പ്രത്യേക പദവി എടുത്തുകളഞ്ഞ കേന്ദ്ര സർക്കാർ നടപടി (2019 ഓഗസ്റ്റ് 5) സുപ്രീം കോടതി ശരിവച്ചു. ജമ്മു കശ്മീരിന് സംസ്ഥാന പദവി തിരികെ നൽകണമെന്നും നിയമസഭാ തിരഞ്ഞെടുപ്പ് നടത്തണമെന്നും ഭരണഘടനാ ബെഞ്ച് നിർദേശം.
- നൊബേൽ സമാധാന പുരസ്കാരം ഇറാനിൽ ജയിലിൽ കഴിയുന്ന നർഗീസ് മുഹമ്മദിക്ക് വേണ്ടി അവരുടെ മക്കൾ പുരസ്കാരം ഏറ്റുവാങ്ങി.
- അത്‍ലറ്റിക്സിലെ രാജ്യാന്തര സംഘടനയായ വേൾഡ് അത്‍ലറ്റിക്സിന്റെ ‘അത്‌ലീറ്റ് ഓഫ് ദ് ഇയർ പുരസ്കാരത്തിന് ട്രാക്ക് ഇനങ്ങളിൽ നോഹ ലൈൽസും (യുഎസ്) ഫെയ്ത് കിപ്യേഗനും (കെനിയ) അർഹരായി. ഫീൽഡ് ഇനങ്ങളിൽ സ്വീഡിഷ് പോൾവോൾട്ട് താരം അർമാൻഡ് ഡുപ്ലന്റിസും യുളിമർ റോഹാസും മാരത്തണിൽ കെനിയയുടെ കെൽവിൻ കിപ്റ്റവും എതോപ്യയുടെ ടിഗിസ്റ്റ് അസഫയും മികച്ച താരങ്ങളായി.
- ആഫ്രിക്കൻ ഫുട്ബോളർ ഓഫ് ദി ഇയർ പുരസ്കാരത്തിന് നൈജീരിയൻ സ്ട്രൈക്കർ വിക്ടർ ഒസിംഹനും നൈജീരിയയുടെ അസിസാറ്റ് ഓഷോലയും അർഹരായി.
- മധ്യപ്രദേശ് മുഖ്യമന്ത്രിയായി മോഹൻ യാദവും ഉപമുഖ്യമന്ത്രിമാരായി ജഗദീഷ് ദേവ്‍ഡ, രാജേന്ദ്ര ശുക്ല എന്നിവരും അധികാരമേറ്റു. ഛത്തീസ്ഗഡിൽ വിഷ്ണുദേവ് സായിയും മുഖ്യമന്ത്രിയായും അരുൺ സാവോ, വിജയ് ശർമ എന്നിവർ ഉപമുഖ്യമന്ത്രിമാരായും സ്ഥാനമേറ്റു.
- പിജി (ഗോവിന്ദപ്പിള്ള) സംസ്കൃതി കേന്ദ്രം ഏർപ്പെടുത്തിയ ദേശീയ പുരസ്കാരം (മൂന്നു ലക്ഷം രൂപ) അരുന്ധതി റോയിക്ക് സമ്മാനിച്ചു.
- പാർലമെന്റ് ആക്രമണത്തിന്റെ 22–ാം വാർഷിക ദിനത്തിൽ ലോക്സഭയിൽ 2 യുവാക്കൾ സഭ സമ്മേളിക്കവേ സന്ദർശക ഗാലറിയിൽനിന്നു സഭയുടെ തളത്തിലേക്കു ചാടി മുദ്രാവാക്യം വിളിക്കുകയും നിറമുള്ള പുക ചീറ്റുന്ന കുറ്റി എറിയുകയും ചെയ്തു.
- ഇസ്രയേൽ– പലസ്തീൻ സമാധാനത്തിനായി നിലകൊള്ളുന്ന അലി അബു അവാദിനും സംഗീത സംവിധായകൻ ഡാനിയൽ ബരെൻ ബോയിമിനും ഇന്ദിരാഗാന്ധി സമാധാന പുരസ്കാരം ലഭിച്ചു.
- രാജസ്ഥാൻ മുഖ്യമന്ത്രിയായി ഭജൻലാൽ ശർമയും ഉപമുഖ്യമന്ത്രിമാരായി ദിയാകുമാരി, പ്രേംചന്ദ് ബട്‌വ എന്നിവരും ചുമതലയേറ്റു.
- കേരള രാജ്യാന്തര ചലച്ചിത്ര മേളയിലെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് (10 ലക്ഷം രൂപ) വിഖ്യാത പോളിഷ് സംവിധായകന്‍ ക്രിസ്തോഫ് സനൂസിക്ക് സമ്മാനിച്ചു. മികച്ച ചിത്രത്തിനുള്ള സുവർണചകോരം ജാപ്പനീസ് ചിത്രം ‘ഈവിൾ ഡസ് നോട്ട് എക്സിസ്റ്റി’ന് ലഭിച്ചു. മികച്ച സംവിധായകനുള്ള രജതചകോരം ഉസ്ബെക്കിസ്ഥാൻ സംവിധായകൻ ഷോക്കിർ ഖോലിക്കോവ് സ്വന്തമാക്കി. ഫാസിൽ റസാഖ് സംവിധാനം ചെയ്ത മലയാള ചിത്രമായ ‘തടവ്’ ആണ് മേളയിലെ പ്രേക്ഷകപ്രീതി നേടിയ സിനിമ. മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌കാരം ആനന്ദ് ഏകർഷി സംവിധാനം ചെയ്ത ‘ആട്ടം’ നേടി. മികച്ച സംവിധായകനുള്ള രജതചകോരവും മികച്ച ഏഷ്യൻ ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌കാരവും ‘സൺഡേ’യുടെ സംവിധായകൻ ഷോക്കിർ കോലികോവിനാണ്.
- കേരളത്തിലെ മികച്ച കമ്യൂണിറ്റി ഡവലപ്മെന്റ് സൊസൈറ്റിക്കുള്ള മലയാള മനോരമ ‘രജതശ്രീ’ പുരസ്കാരം കോഴിക്കോട് നരിപ്പറ്റ സിഡിഎസ് ഏറ്റുവാങ്ങി.
- വനിതാ ടെസ്റ്റ് ക്രിക്കറ്റിൽ ഇംഗ്ലണ്ടിനെതിരെ 347 റൺസ് ജയം കുറിച്ച ഇന്ത്യ വനിതാ ടെസ്റ്റ് ക്രിക്കറ്റിൽ റൺ അടിസ്ഥാനത്തിലുള്ള ഏറ്റവും വലിയ ജയം സ്വന്തമാക്കി.
- കുവൈത്ത് അമീറായി ഷെയ്ഖ് മിഷാൽ അൽ അഹ്മദ് അൽ ജാബർ അൽ സബാഹ് നിയമിതനായി.
- കേരള കാർട്ടൂൺ അക്കാദമി ചെയർമാനായി സുധീർ നാഥിനെയും സെക്രട്ടറിയായി എ.സതീഷിനെയും തിരഞ്ഞെടുത്തു.
- ഈജിപ്ത് പ്രസിഡന്റ് അബ്ദൽ ഫത്താ അൽ സിസി 89.6% വോട്ടു നേടി വീണ്ടും അധികാരത്തിൽ.
- കവിയും നിരൂപകനുമായ ഇ.വി. രാമകൃഷ്ണന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം (ഒരു ലക്ഷം രൂപ). ‘മലയാള നോവലിന്റെ ദേശകാലങ്ങൾ’ എന്ന നിരൂപണഗ്രന്ഥത്തിനാണ് അവാർഡ്.
- കുവൈത്ത് അമീറായി ഷെയ്ഖ് മിഷാൽ അൽ അഹ്മദ് അൽ ജാബർ അൽ സബാഹ് അധികാരമേറ്റു.
- ഐസ്‌ലൻഡിലെ എക്സ്പ്ലോറേഷൻ മ്യൂസിയം ഏർപ്പെടുത്തിയ ലെയ്ഫ് എറിക്സൻ ലൂണാർ പ്രൈസ് ഐഎസ്ആർഒയ്ക്കു ലഭിച്ചു. ചന്ദ്രനിലെ ദക്ഷിണധ്രുവത്തിൽ ആദ്യമായി സോഫ്റ്റ് ലാൻഡിങ് നടത്തിയ ചന്ദ്രയാൻ–3 ദൗത്യത്തിന്റെ വിജയത്തിനാണ് അംഗീകാരം.
- ദക്ഷിണാഫ്രിക്കയ്ക്കെതിരെ മൂന്നാം ഏകദിനത്തിൽ നൂറു തികച്ച് സഞ്ജു സാംസണ് സെഞ്ചറി. രാജ്യാന്തര ക്രിക്കറ്റിൽ ഇന്ത്യയ്ക്കുവേണ്ടി ഒരു കേരള താരത്തിന്റെ ആദ്യ സെഞ്ചറിയാണിത്.
- മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർ, തിരഞ്ഞെടുപ്പു കമ്മിഷണർമാർ എന്നിവരെ തിരഞ്ഞെടുക്കുന്ന സമിതിയിൽനിന്നു സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ ഒഴിവാക്കി പകരം കേന്ദ്രമന്ത്രിയെ ഉൾപ്പെടുത്തുന്ന ബില്ലിന് പാർലമെന്റ് അംഗീകാരം.
- സംസ്ഥാനത്തെ മികച്ച കായിക താരത്തിനുള്ള ജിമ്മി ജോർജ് പുരസ്കാരം (ഒരു ലക്ഷം രൂപയും ഫലകവും) ഒളിംപ്യൻ എം.ശ്രീശങ്കറിന് സമ്മാനിച്ചു.
- ക്ലബ് ലോകകപ്പ് ഫൈനലിൽ ബ്രസീലിയൻ ക്ലബ് ഫ്ലുമിനെൻസിയെ തോൽപിച്ച മാഞ്ചസ്റ്റർ സിറ്റിക്ക് കിരീടം
- നവംബർ 18ന് കാസർകോട് നിന്നാരംഭിച്ച നവകേരള സദസ് തിരുവനന്തപുരത്ത് സമാപിച്ചു.
- ആദിവാസി ഗോത്ര വിഭാഗത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള പിഎം ജൻമൻ (പ്രധാൻമന്ത്രി ജൻജതി ആദിവാസി ന്യായ മഹാ അഭിയാൻ) പദ്ധതിയുടെ ഗുണഭോക്താക്കളായി കേരളത്തിലെ കൊറഗ, കാട്ടുനായ്ക, ചോലനായ്ക, കുറുമ്പർ, കാടർ എന്നിവരെ ഉൾപ്പെടുത്തി.
- കേന്ദ്ര വ്യവസായ സുരക്ഷാസേനയുടെ (സിഐഎസ്എഫ്) ഡയറക്ടർ ജനറലായി നീന സിങ്ങിനെയും സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സ് (സിആർപിഎഫ്) മേധാവിയായി അനിഷ് ദയാൽസിങ്ങിനെയും ഐടിബിപി മേധാവിയായി രാഹുൽ രസ്ഗോത്രയെയും ഫയർ സർവീസ്, സിവിൽ ഡിഫൻസ്, ഹോം ഗാർഡ് എന്നിവയുടെ ഡയറക്ടർ ജനറലായി വിവേക് ശ്രീവാസ്തവയെയും നിയമിച്ചു.
- സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വം തിരഞ്ഞെടുക്കപ്പെട്ടു.
- രാമചന്ദ്രൻ കടന്നപ്പള്ളിയും (രജിസ്ട്രേഷൻ, മ്യൂസിയം, പുരാവസ്തു) കെ.ബി.ഗണേഷ് കുമാറും (ഗതാഗതം, മോട്ടോർ വാഹനവകുപ്പ്) മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സഹകരണ വകുപ്പ് മന്ത്രി വി.എൻ. വാസവന് തുറമുഖ വകുപ്പു കൂടി ലഭിച്ചു.
- ഫിഡെ ലോക റാപ്പിഡ് ചെസ് കിരീടം നോർവേക്കാരനായ ഗ്രാൻഡ്മാസ്റ്റർ മാഗ്നസ് കാൾസന്. വനിതാ വിഭാഗത്തിൽ അനസ്താസിയ ബൊഡ്നാറു (റഷ്യ) കൊനേരു ഹംപിയെ പരാജയപ്പെടുത്തി.
- അസമിൽ നിരോധിത തീവ്രവാദ സംഘടനയായ ഉൾഫയുടെ (യുണൈറ്റഡ് ലിബറേഷൻ ഫ്രണ്ട് ഓഫ് അസം) പ്രധാന വിഭാഗം കേന്ദ്ര, സംസ്ഥാന സർക്കാരുകളുമായി സമാധാന ഉടമ്പടി ഒപ്പുവച്ചു.
- കേന്ദ്ര സർക്കാരിന്റെ സയൻസ് ആൻഡ് എൻജിനീയറിങ് റിസർച് ബോർഡ് ഏർപ്പെടുത്തിയ ജെ.സി.ബോസ് ഫെലോഷിപ് തിരുവനന്തപുരം ഐസറിലെ കാനാ എം.സുരേശന്. പ്രതിവർഷം 15 ലക്ഷം രൂപ ഗവേഷണ ഗ്രാന്റും പ്രതിമാസം 25,000 രൂപ ഫെലോഷിപ്പും ലഭിക്കും.
- വൈസ് അഡ്മിറൽ വെണ്ണം ശ്രീനിവാസ് ദക്ഷിണ നാവിക കമാൻഡിന്റെ മേധാവിയായി.
- സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സി.ജി.ശാന്തകുമാർ സമഗ്ര സംഭാവന പുരസ്കാരം (60,000 രൂപ) ഉല്ലല ബാബുവിന് ലഭിച്ചു.
- റെയിൽവേയുടെ അമൃത് ഭാരത് പുഷ്‍പുൾ ട്രെയിൻ സർവീസ് പ്രധാനമന്ത്രി നരേന്ദ്ര മോദി അയോധ്യയിൽ ഫ്ലാഗ് ഓഫ് ചെയ്തു.
- ഡോ.അരവിന്ദ് പനഗാരിയ ചെയർമാനായി കേന്ദ്രസർക്കാർ 16–ാം ധനകാര്യ കമ്മിഷൻ രൂപീകരിച്ചു.
- ചേറ്റൂർ ശങ്കരൻ നായർ മെമ്മോറിയൽ ട്രസ്റ്റിന്റെ കെ.പി.എസ്.മേനോൻ സ്മാരക പുരസ്കാരം (50,000 രൂപ) ചരിത്രകാരനായ സഞ്ജീവ് സന്യാലിന് സമ്മാനിച്ചു.
2023 December Current Affairs
0 അഭിപ്രായങ്ങള്‍