നിശേഷഹരണം എങ്ങനെ എളുപ്പത്തിൽ കണ്ടെത്താം
2 കൊണ്ടുള്ള നിശേഷ ഹരണം
എല്ലാ ഇരട്ട സംഖ്യകളേയും 2 കൊണ്ട് നിശേഷം ഹരിക്കാൻ കഴിയും. സംഖ്യയിലെ ഒറ്റയുടെ സ്ഥാനത്തെ അക്കം പൂജ്യമോ രണ്ടിന്റെ ഗുണിതങ്ങളോ ആയിരിക്കണം.
ഉദാ: 68,570,112
3 കൊണ്ടുള്ള നിശേഷ ഹരണം
തന്നിരിക്കുന്ന സംഖ്യയിലെ അക്കങ്ങളുടെ തുക മൂന്നോ മൂന്നിന്റെ ഗുണിതങ്ങളോ ആണെങ്കിൽ ആ സംഖ്യയെ 3 കൊണ്ട് നിശേഷം ഹരിക്കാം .
ഉദാ : 612
സംഖ്യയിലെ അക്കങ്ങൾ തമ്മിൽ കൂട്ടുക.
6+1+2 =9
9 മൂന്നിന്റെ ഗുണിതം ആയതിനാൽ ഈ സംഖ്യയെ 3 കൊണ്ട് നിശേഷം ഹരിക്കാം .
മറ്റൊരു ഉദാഹരണം നോക്കാം.
ഉദാ: 731
സംഖ്യയിലെ അക്കങ്ങൾ തമ്മിൽ കൂട്ടുക.
7+3+1= 11
11 മൂന്നിന്റെ ഗുണിതം അല്ലാത്തതിനാൽ ഈ സംഖ്യയെ 3 കൊണ്ട് നിശേഷം ഹരിക്കാനാവില്ല.
4 കൊണ്ടുള്ള നിശേഷ ഹരണം
തന്നിരിക്കുന്ന സംഖ്യയിലെ അവസാനത്തെ 2 അക്കങ്ങൾ ചേർന്നുണ്ടാകുന്ന സംഖ്യ 4 ന്റെ ഗുണിതമോ രണ്ട് പൂജ്യമോ ആയിരിക്കണം .
ഉദാ: 58632 , 981600, 763812
5 കൊണ്ടുള്ള നിശേഷ ഹരണം
തന്നിരിക്കുന്ന സംഖ്യയിലെ ഒറ്റയുടെ സ്ഥാനത്തെ അക്കം 5 അല്ലെങ്കിൽ പൂജ്യം ആയിരിക്കണം.
ഉദാ: 580,8775,41190 , 17855
6 കൊണ്ടുള്ള നിശേഷ ഹരണം
തന്നിരിക്കുന്ന സംഖ്യയെ 2 കൊണ്ടും 3 കൊണ്ടും നിശേഷം ഹരിക്കാൻ കഴിയുമെങ്കിൽ ആ സംഖ്യയെ 6 കൊണ്ടും നിശേഷം ഹരിക്കാം .
ഉദാ: 34644
ഇരട്ട സംഖ്യ ആയതിനാൽ 2 കൊണ്ട് നിശേഷം ഹരിക്കാം. ഇനി ഇതിനെ 3 കൊണ്ട് നിശേഷം ഹരിക്കാൻ കഴിയുമോന്ന് നോക്കാം.
3 + 4 + 6 + 4 + 4 = 21
21 മൂന്നിന്റെ ഗുണിതമായതിനാൽ 3 കൊണ്ടും ഈ സംഖ്യയെ നിശേഷം ഹരിക്കാം.
തന്നിരിക്കുന്ന സംഖ്യയെ 2 കൊണ്ടും 3 കൊണ്ടും നിശേഷം ഹരിക്കാൻ കഴിയുമെങ്കിൽ ആ സംഖ്യയെ 6 കൊണ്ടും നിശേഷം ഹരിക്കാം.
7 കൊണ്ടുള്ള നിശേഷ ഹരണം
തന്നിരിക്കുന്ന സംഖ്യയിലെ അവസാനത്തെ അക്കത്തിന്റെ ഇരട്ടി എടുത്ത് , ബാക്കിയുള്ള (അതായതു ഇരട്ടി എടുക്കാന്‍ ഉപയോഗിച്ച അവസാനത്തെ അക്കം ഒഴിച്ചുള്ള) സംഖ്യയില്‍ നിന്ന് കുറയ്ക്കുക. ആ കുറച്ച് കിട്ടിയ സംഖ്യ 7 ന്‍റെ ഗുണിതമാണെങ്കില്‍ ആ സംഖ്യയെ 7 കൊണ്ടു നിശേഷം ഹരിക്കാം .
ഉദാ: 2947
അവസാനത്തെ അക്കത്തിന്റെ ഇരട്ടി 7X2=14
ബാക്കിയുള്ള സംഖ്യ - 294
294-14=280
28-0=28
280, 7 -ന്റെ ഗുണിതമായതിനാൽ 7 കൊണ്ടും ഈ സംഖ്യയെ നിശേഷം ഹരിക്കാം.
8 കൊണ്ടുള്ള നിശേഷ ഹരണം
തന്നിരിക്കുന്ന സംഖ്യയുടെ അവസാനത്തെ 3 അക്കങ്ങൾ ചേർന്നുണ്ടാകുന്ന സംഖ്യ മൂന്ന് പൂജ്യമോ അല്ലെങ്കിൽ 8 കൊണ്ടു നിശേഷം ഹരിക്കാൻ കഴിയുന്നതോ ആണെങ്കിൽ ആ സംഖ്യയെ 8 കൊണ്ടു നിശേഷം ഹരിക്കാം .
ഉദാ: 67586000 , 5488
9 കൊണ്ടുള്ള നിശേഷ ഹരണം
തന്നിരിക്കുന്ന സംഖ്യയുടെ അക്കങ്ങളുടെ തുക 9 ന്റെ ഗുണിതം ആണെങ്കിൽ ആ സംഖ്യയെ 9 കൊണ്ടു നിശേഷം ഹരിക്കാം
ഉദാ: 65412
6 + 5 + 4 + 1 + 2 = 18
18 എന്നത് 9 ന്റെ ഗുണിതമായതിനാൽ
65412 എന്ന സംഖ്യയെ 9 കൊണ്ട് നിശേഷം ഹരിക്കാം .
10 കൊണ്ടുള്ള നിശേഷ ഹരണം
തന്നിരിക്കുന്ന സംഖ്യയിലെ അവസാന അക്കം 0 ആണെങ്കിൽ സംഖ്യയെ 10 കൊണ്ടു നിശേഷം ഹരിക്കാം
ഉദാ: 65400, 220
11 കൊണ്ടുള്ള നിശേഷ ഹരണം
സംഖ്യയിലെ ഒന്നിടവിട്ടുള്ള സംഖ്യകള്‍ വെളിയില്‍ എടുത്തു കൂട്ടുക . ബാക്കി വരുന്നതിനെ അവിടെ ഇട്ടിരിക്കാതെ അതിനെയും തമ്മില്‍ കൂട്ടുക. ഈ രണ്ട് സംഖ്യകളെയും കുറയ്ക്കുക. ഉത്തരം പൂജ്യമോ, 11 ന്‍റെ ഗുണിതമോ ആയാല്‍ ആ സംഖ്യയെ 11 കൊണ്ടു നിശേഷം ഹരിക്കാം.
ഉദാ: 5016
5+1=6,
0+6=6;
6-6=0
ഉദാ: 611105
6+1+0=7,
1+1+5=7;
7-7=0
12 കൊണ്ടുള്ള നിശേഷ ഹരണം
3 കൊണ്ടും 4 കൊണ്ടും നിശേഷം ഹരിക്കാന്‍ പറ്റുന്ന സംഖ്യകളെ 12 കൊണ്ട് നിശേഷം ഹരിക്കാം.
0 അഭിപ്രായങ്ങള്‍